തുറവൂർ: നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍നിന്നു പ്രതിശ്രുതവരനും വീട്ടുകാരും പിന്മാറിയതിനെത്തുടര്ന്നുണ്ടായ മനോവിഷമത്തില്‍ യുവതി ജീവനൊടുക്കി.
അരൂര്‍ 23-ാം വാര്‍ഡില്‍ കിഴക്കേ വേലിക്കകത്ത് അജയൻ-പ്യാരി ദമ്പതികളുടെ മകള്‍ അനഘയെ (25) ആണ് ഇന്നലെ പുലര്‍ച്ചെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ ആത്മഹത്യാപ്രേരണ ആരോപിച്ച് പ്രതിശ്രുതവരന് വിഷ്ണുവിനും കുടുംബാംഗങ്ങള്‍ക്കും എതിരേ പെൺകുട്ടിയുടെ ബന്ധുക്കള്‍ അരൂര്‍ പോലീസില്‍ പരാതി നല്കി.
മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ രംഗത്ത് ജോലി ചെയ്തിരുന്ന അനഘയും തൃശൂര്‍ അന്നകര സ്വദേശി വിജയകുമാർ-സിനി ദമ്പതികളുടെ മകനുമായ വിഷ്ണുവും തമ്മിലുള്ള വിവാഹം നവംബറില്‍ നടത്താന്‍ ഇരു വീട്ടുകാരും തീരുമാനിച്ചിരുന്നു.അബുദാബിയില്‍ ജോലി ചെയ്യുന്ന വിഷ്ണുവും അനഘയും ഒരു വര്‍ഷം മുമ്പ് ഇന്‍സ്റ്റഗ്രാം വഴിയാണു പരിചയപ്പെട്ടത്.
പിന്നീട് ബന്ധം പ്രണയത്തിലേക്കും വിവാഹ തീരുമാനത്തിലേക്കും എത്തുകയായിരുന്നു. വിവാഹ നിശ്ചയത്തിന്റെ ഭാഗമായി ഇരു കുടുംബങ്ങളും കഴിഞ്ഞ ഫെബ്രുവരിയിൽ വളകൈമാറ്റ ചടങ്ങും നടത്തിയിരുന്നു. ഇതിനിടെ പ്രതിശ്രുത വരനും വധുവും തമ്മിൽ ചെറിയ കാര്യങ്ങളെച്ചൊല്ലി ഫോണിലൂടെ തര്‍ക്കങ്ങള്‍ പതിവായിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു.
കഴിഞ്ഞയാഴ്ച ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് വിവാഹത്തില്‍നിന്ന് പിന്മാറുന്നതായി അനഘയുടെ വീട്ടുകാരെ വിഷ്ണുവിന്റെ മാതാപിതാക്കള്‍ ഫോണില്‍ അറിയിച്ചു. അനുരഞ്ജനത്തിനായി അനഘയും ബന്ധുക്കളും വിഷ്ണുവിന്റെ വീട്ടിലെത്തി സംസാരിച്ചെങ്കിലും തീരുമാനത്തില്‍ വരന്റെ കുടുംബം ഉറച്ചുനിന്നു. ഇതോടെ അനഘ കടുത്ത മനോവിഷമത്തിലായി എന്നാണു ബന്ധുക്കളുടെ മൊഴി. വിഷ്ണു തന്നെ സ്വീകരിക്കുമെന്ന പ്രതീക്ഷയില്‍ വീട്ടുകാരെ അറിയിക്കാതെ അനഘ അബുദാബിയിലെത്തിയെങ്കിലും വരന്റെ നിലപാടില്‍ മാറ്റമുണ്ടായില്ലെന്നാണു ബന്ധുക്കള്‍ പറയുന്നത്. ബുധനാഴ്ച ഗള്‍ഫില്‍നിന്നു തിരിച്ചെത്തിയ അനഘയെ ബന്ധുക്കള്‍ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു.
വീട്ടിലെത്തിയ ശേഷം ബന്ധം ഇനി തുടരുന്നില്ലെന്നും മാതാപിതാക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അനഘ പറഞ്ഞിരുന്നു. തുടര്‍ന്ന് രാത്രി ജോലിയുണ്ടെന്നു പറഞ്ഞ് മറ്റൊരു മുറിയില്‍ കയറിയ അനഘ, വീട്ടുകാര്‍ ഉറങ്ങിയശേഷം ജീവനൊടുക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം നെട്ടൂര്‍ ശാന്തിവനത്തില്‍ സംസ്കരിച്ചു.